ഇസ്രായേൽ കൊലപ്പെടുത്തിയ ഫലസ്തീൻ മാധ്യമപ്രവർത്തക മറിയം അബൂ ദഖക്ക് വേൾഡ് പ്രസ് ഫ്രീഡം ഹീറോ അവാർഡ്
വിയന്ന: ഇസ്രായേല്‍ കൊലപ്പെടുത്തിയ ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തക മറിയം അബൂ ദഖക്ക് വേള്‍ഡ് പ്രസ് ഫ്രീഡം ഹീറോ അവാര്‍ഡ്. അപകടകരമായ സാഹചര്യത്തിലും ഗസ്സയിലെ യാഥാര്‍ഥ്യങ്ങള്‍ ലോകത്തിന് മുന്നിലെത്തിക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ പരിഗണിച്ചാണ് വിയന്ന ആസ്ഥാനമായ ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് മറിയത്തെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. ഇന്റര്‍നാഷണല്‍ മീഡിയ സപ്പോര്‍ട്ടുമായി സഹകരിച്ച് ഐപിഐ അതിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി സത്യത്തിനും പത്ര സ്വാതന്ത്ര്യത്തിനും വേണ്ടി അസാധാരണ പ്രതിബദ്ധത പ്രകടിപ്പിച്ച ലോകമെമ്പാടുമുള്ള ഏഴ് മാധ്യമപ്രവര്‍ത്തകര്‍ക്കാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്. mariam-abu-daqa-world-press-freedom-hero-award-gaza-journalist-indiavision-news
ഖാന്‍ യൂനിസിലെ നാസര്‍ മെഡിക്കല്‍ കോംപ്ലക്സില്‍ 2025 ആഗസ്റ്റ് 25ന് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് റിപ്പോര്‍ട്ടറും ഫോട്ടോ ജേണലിസ്റ്റുമായ മറിയം അബൂ ദഖ കൊല്ലപ്പെട്ടത്. ഗസ്സയിലെ മനുഷ്യരുടെ കഷ്ടപ്പാടുകളും ദുരിതവും ലോകത്തിന് മുന്നിലെത്തിക്കാന്‍ തന്റെ ജീവന്‍ പണയപ്പെടുത്തി പ്രവര്‍ത്തിച്ച മാധ്യമപ്രവര്‍ത്തക എന്നാണ് ഐപിഐ മറിയത്തെ വിശേഷിപ്പിച്ചത്. ഗസ്സയിലെ സിവിലിയന്‍ ജനതയുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്ത ആക്രമണം രേഖപ്പെടുത്തുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ട നിരവധി ഫലസ്തീന്‍ പത്രപ്രവര്‍ത്തകരില്‍ ഒരാളായി മറിയത്തെ കണക്കാക്കുന്നുവെന്ന് ഐപിഐ പ്രസ്താവനയില്‍ പറഞ്ഞു.
ഇന്‍ഡിപെന്‍ഡന്റ് അറേബ്യയുടെ റിപ്പോര്‍ട്ടര്‍ ആയിരുന്നു മറിയം അബൂ ദഖ. ഇന്‍ഡിപെന്‍ഡന്റ് അറേബ്യയും മറിയത്തെ ആദരിച്ചിരുന്നു. ജീവന്‍ പോലും പണയപ്പെടുത്തി സത്യം അറിയിക്കുക എന്നത് ഒരു പവിത്രമായ കടമയാണെന്ന് വിശ്വസിച്ചിരുന്ന ഒരു സമര്‍പ്പിത പത്രപ്രവര്‍ത്തക എന്നാണ് പത്രം മറിയത്തെ വിശേഷിപ്പിച്ചത്.
ഏത് സമയത്തും കൊല്ലപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഗസ്സയിലെ എല്ലാ മാധ്യമപ്രവര്‍ത്തകരെയും പോലെ ഒസ്യത്ത് എഴുതിവെച്ചാണ് മറിയം അബൂ ദഖയും ജോലി ചെയ്തിരുന്നത്. മറിയം തന്റെ മകന് എഴുതിയ കത്തിലെ വരികള്‍ ആരുടെയും കരളലിയിക്കുന്നതായിരുന്നു. ”ഗൈസ്, ഉമ്മയുടെ ഹൃദയവും പ്രാണനുമാണ് നീ. ഞാന്‍ മരിക്കുമ്പോള്‍ എനിക്ക് വേണ്ടി നീ പ്രാര്‍ഥിക്കണേ. എന്നെക്കുറിച്ചോര്‍ത്ത് കരയരുതേ…”- മറിയം എഴുതി.
”മോനേ…ഒരിക്കലും, ഒരിക്കലും നീയെന്നെ മറക്കരുത്. നീ എന്നും സന്തോഷമായിരിക്കാനും സുരക്ഷിതനായിരിക്കാനും എന്നെക്കൊണ്ട് കഴിയുന്നതെല്ലാം ഞാന്‍ ചെയ്തിട്ടുണ്ട്. നീ വളരും, വിവാഹം കഴിക്കും, നിനക്ക് ഒരു മകളുണ്ടാകും, അവള്‍ക്ക് എന്റെ പേര് നീ ഇടണം, മറിയം”- എന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.
ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം തുടങ്ങിയത് മുതല്‍ സജീവമായി മാധ്യമപ്രവര്‍ത്തനരംഗത്ത് മറിയം ഉണ്ടായിരുന്നു. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിന് വേണ്ടി വാര്‍ത്തകളും വീഡിയോകളും നല്‍കുകയായിരുന്നു. ഇന്‍ഡിപെന്‍ഡന്റ് അറേബ്യ അടക്കമുള്ള മാധ്യമങ്ങള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചു. പട്ടിണികൊണ്ട് മരണാസന്നരായ കുട്ടികളെ രക്ഷിക്കാനുള്ള നാസര്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുടെ തീവ്രശ്രമങ്ങളെ കുറിച്ചുള്ള മറിയത്തിന്റെ റിപ്പോര്‍ട്ടുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
MariamAbuDaqa #WorldPressFreedomHero #IPIVienna #GazaWar #PalestineJournalist #IndependentArabia #PressFreedom #GazaAttack #IsraelAirstrike #PalestineNews #JournalistKilled #GazaTruth #InternationalPressInstitute #MediaFreedom #IndiavisionNews
