അടിമാലി മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന്റെ മൃതദേഹം സംസ്കരിച്ചു

0
അടിമാലി മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന്റെ മൃതദേഹം സംസ്കരിച്ചു

ഇടുക്കി അടിമാലിക്ക് സമീപം കൂമ്പന്‍പാറയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച ബിജുവിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. ബിജുവിന്റെ ഭാര്യ സന്ധ്യ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ദേശീയപാത വികസനത്തിന്റെ ഭാഗമായി അശാസ്ത്രീയമായി മണ്ണെടുത്തതാണ് അപകടത്തിന് കാരണമെന്ന് വ്യാപകമായി പരാതി ഉയര്‍ന്നിട്ടുണ്ട്. കൂമ്പന്‍പാറ ലക്ഷംവീട് ഉന്നതിയെ ഏതാണ്ട് പൂര്‍ണമായി തുടച്ചുനീക്കിയതായിരുന്നു ഉണ്ടായ മണ്ണിടിച്ചില്‍. തകര്‍ന്ന ഒരു നാടിന്റെ നോവായി ബിജു മടങ്ങി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ വന്‍ ജനാവലിയാണ് എത്തിയത്. പതിനൊന്നരയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി മൂന്നു മണിയോടെ ബിജുവിന്റെ ചിതയ്ക്ക് അനുജന്‍ ശ്യാം തീ കൊളുത്തി.

കൂമ്പന്‍പാറ ലക്ഷം വീട് ഉന്നതിയില്‍ ശനിയാഴ്ച രാത്രി പത്തരയോടെയാണ് അപകടം ഉണ്ടായത്. ദേശീയപാതയോരത്ത് ഉള്ള കൂറ്റന്‍ കുന്ന് അടര്‍ന്ന് താഴെക്ക് പതിക്കുകയായിരുന്നു. ബിജുവിന്റെ ഉള്‍പ്പെടെ ആറ് വീടുകള്‍ മണ്ണിനടിയിലായി. മണ്ണിടിച്ചില്‍ സാധ്യത കണ്ട് ഉന്നതിയിലെ 22 കുടുംബങ്ങളെ മാറ്റിപ്പിച്ചിരുന്നു. ഇത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. മാറ്റിപ്പാര്‍പ്പിച്ച ശേഷം വീട്ടിലേക്ക് തിരികെ എത്തിയ ബിജുവും സന്ധ്യയുമാണ് അപകടത്തില്‍ പെട്ടത്. വീടിന്റെ കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ കുടുങ്ങിയ ഇരുവര്‍ക്കുമായി മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. പുലര്‍ച്ചെ മൂന്നരയോടെ സന്ധ്യയെ ജീവനോടെ പുറത്തെടുത്തു. രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സന്ധ്യയുടെ ആരോഗ്യനില തൃപ്തികരമാണ്. പുലര്‍ച്ചെ നാലരയോടെയാണ് ബിജുവിന്റെ മൃതദേഹം പുറത്തെടുത്തത്.

സ്ഥലത്ത് ദേശീയ പതയുടെ നിര്‍മാണം നടന്നിട്ടില്ലെന്ന് പറഞ്ഞ് ദേശീയ പാത അതോറിറ്റി കൈയൊഴിഞ്ഞു. ബിജുവും ഭാര്യയും അപകടത്തില്‍ പെട്ടത് വ്യക്തിപരമായ ആവശ്യത്തിന് വീട്ടില്‍ പോയപ്പോഴാണെന്നും മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കണം എന്ന് നിര്‍ദേശം നല്‍കിയിരുന്നുവെന്നുമാണ് ദേശീയ പാത അതോറിറ്റിയുടെ വിശദീകരണം. അപകടാവസ്ഥയിലുള്ള സ്ഥലത്തെ വീടുകളില്‍ കഴിയുന്നവരെ ഒഴിഞ്ഞു കിടക്കുന്ന കെഎസ്ഇബി ക്വാര്‍ട്ടേഴ്സുകളിലേക്ക് മാറ്റാനാണ് തീരുമാനം. ദേശീയ പാതയിലേക്ക് ഇടിഞ്ഞു വീണ മണ്ണ് നീക്കം ചെയ്യാന്‍ ആഴ്ചകള്‍ വേണ്ടി വരും. നിലവില്‍ നടക്കുന്ന ദേശീയപാത നവീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പ്രദേശത്ത് ഇപ്പോഴും മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ അതീവ ജാഗ്രത തുടരുകയാണ്.

KeralaLandslide #KoombanparaAccident #LakhsVeeduUnnat #BijuAndSandhya #RajagiriHospital #NationalHighwayCollapse #ErnakulamNews #DisasterUpdate #RescueOperation #KeralaDisaster #HighwayWorkSuspended #KSEBQuarters #LandslideAlert #KeralaTrending #IndiavisionNews #adimaly #adimali #nhai

About The Author

Leave a Reply

Your email address will not be published. Required fields are marked *