ഉന്നാവ് പീഡനക്കേസ്: കുല്‍ദീപ് സിംഗ് സെന്‍ഗറിന്റെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചു
Unnao Rape Case: Delhi High Court Stays Life Sentence of Kuldeep Singh Sengar
Unnao rape case Kuldeep Singh Sengar
ഡല്‍ഹി: ഉന്നാവ് പീഡനക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗറിന്റെ ശിക്ഷാ നടപടികള്‍ ഡല്‍ഹി ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചു. ആരോഗ്യപരമായ കാരണങ്ങള്‍ പരിഗണിച്ചാണ് കടുത്ത നിബന്ധനകളോടെ സെന്‍ഗറിന് ജാമ്യം അനുവദിച്ചത്.
ജസ്റ്റിസുമാരായ സുബ്രഹ്‌മണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥന്‍ ശങ്കര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ശിക്ഷയ്ക്കെതിരായ അപ്പീലില്‍ അന്തിമ വിധി ഉണ്ടാകുന്നത് വരെയാണ് ഈ ഇളവ് നിലവിലുള്ളത്.
അതിജീവിതയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കര്‍ശന നിയന്ത്രണങ്ങളാണ് കോടതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. സെന്‍ഗര്‍ ഡല്‍ഹി വിട്ടുപോകാന്‍ പാടില്ലെന്നും, അതിജീവിത താമസിക്കുന്ന പ്രദേശത്തിന്റെ അഞ്ച് കിലോമീറ്റര്‍ പരിധിക്കുള്ളില്‍ പ്രവേശിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. കൂടാതെ അതിജീവിതയെയോ അവരുടെ കുടുംബത്തെയോ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
എല്ലാ തിങ്കളാഴ്ചയും താമസസ്ഥലത്തിന് സമീപമുള്ള പോലീസ് സ്റ്റേഷനില്‍ ഹാജരായി റിപ്പോര്‍ട്ട് ചെയ്യണം. നിബന്ധനകള്‍ ലംഘിക്കുന്ന പക്ഷം ജാമ്യം ഉടന്‍ റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
അതേസമയം, ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ അതിജീവിത ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ജാമ്യം അനുവദിച്ചതില്‍ പ്രതിഷേധിച്ച് ഇന്ത്യ ഗേറ്റിന് സമീപം നടത്തിയ സമരത്തിനിടെ അതിജീവിതയെയും ഒരു ബന്ധുവിനെയും പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.
മുന്‍പ് നേത്ര ശസ്ത്രക്രിയയ്ക്കായി സെന്‍ഗറിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നെങ്കിലും, ഇപ്പോള്‍ ജീവപര്യന്തം ശിക്ഷ തന്നെ മരവിപ്പിച്ചുള്ള ഹൈക്കോടതി നടപടി വലിയ രാഷ്ട്രീയ-സാമൂഹിക ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.





