ദൈവത്തിന്റെ സ്വന്തം നാട്ടിലെ സാത്താന്‍മാര്‍ | “Are You Bangladeshi?” | The Brutal Killing of Ram Narayan | OPINION | INDIAVISION NEWS
Ram Narayanan Lynching in Kerala Raises Questions on Humanity and Migrant Worker Safety
Ram Narayanan lynching Kerala
,
ഇന്ന് ഞാന്‍ നിങ്ങളോട് പറയാന്‍ പോകുന്നത് ഒരു വാര്‍ത്തയല്ല. ഒരു മനുഷ്യന്റെ കഥയാണ്.നമ്മുടെ സമൂഹത്തിന്റെ മനസ്സാക്ഷിയെ ചോദ്യം ചെയ്യുന്ന ഒരു കഥ. രാം നാരായണന്‍. അയാള്‍ ഒരു പ്രവാസിയായിരുന്നു. ഛത്തീസ്ഗഢില്‍ നിന്ന് തൊഴില്‍ തേടി കേരളത്തിലെത്തിയ ഒരാള്‍. രണ്ട് കുട്ടികളുടെ അച്ഛന്‍. നെഞ്ചിനുള്ളില്‍ ജീവിതത്തിന്റെ ഒട്ടേറെ നൊമ്പരങ്ങള്‍ ചുമന്നാണ് അയാള്‍ ഇവിടെ എത്തിയത്.
ചരിത്രം ഉറങ്ങുന്ന കേരള തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ വാളയാര്‍. രാം നാരായണന്‍ എന്ന പ്രവാസി അല്ലെങ്കില്‍ മലയാളികളുടെ ഭാഷയിലെ അതിഥി തൊഴിലാളി എത്തിയത് ഭാര്യയും മക്കളും വൃദ്ധരായ മാതാ പിതാക്കളും അടങ്ങുന്ന ഒരു കുടുംബത്തിന്റെ മുഴുവന്‍ ജീവിതഭാരവും പേറിയാണ്.
രാം നാരായണനെ അടിക്കുമ്പോള്‍, ഓരോ അടി വീഴുമ്പോഴും ”ഞാന്‍ ബംഗ്ലാദേശിയല്ല” എന്ന് പറഞ്ഞുതെളിയിക്കാന്‍ അയാള്‍ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ, ആളെ കേള്‍ക്കാന്‍ ആക്രമികള്‍ക്ക് തീരെ സമയം ഇല്ലായിരുന്നു. കാരണം, ഒരു ‘ബംഗ്ലാദേശിയെ’ അടിച്ചു കൊന്ന് ദേശീയത ഉറപ്പിക്കാനുള്ള തിരക്കിലായിരുന്നു ആ ആക്രമികള്‍.
പ്രിയ പ്രേക്ഷകരെ, ഇത് യാദൃച്ഛികമായ ഒരു സംഭവമല്ല. ഇത് പെട്ടെന്ന് ഉണ്ടായ കോപത്തിന്റെ ഫലവുമല്ല. വിഷം നിറച്ച അമ്പുകള്‍ പോലെ, ശ്രദ്ധാപൂര്‍വം വളര്‍ത്തിയെടുത്ത വെറുപ്പിന്റെ ഫലമാണ്. അതുകൊണ്ടാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം ആക്രമണങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നത്.
രാംനാരായണന്റെ ദയനീയ മുഖം ഇനി വരുന്ന ദിവസങ്ങളില്‍ നമ്മെ പിന്തുടര്‍ന്നു കൊണ്ടേയിരിക്കും എന്നതില്‍ സംശയമില്ല.
ചര്‍ച്ചകളില്‍, സംവാദങ്ങളില്‍, നമ്മുടെ മനസ്സാക്ഷിയില്‍, അത് ഒരു ചോദ്യം പോലെ നില നില്‍ക്കും.
പ്രിയരേ, പല കാരണങ്ങള്‍ കൊണ്ടും കേരളം മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്.
ഒരു വശത്ത് – ഇരുപത്തിരണ്ട് ലക്ഷത്തോളം മലയാളികള്‍ ഗള്‍ഫിലും ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രവാസ ജീവിതം നയിക്കുന്നു. ഓരോ വര്‍ഷവും രണ്ട് ലക്ഷത്തി പതിനേഴായിരം കോടി രൂപയോളം അവര്‍ ഈ നാട്ടിലേക്ക് അയയ്ക്കുന്നു.
ഈ പണമാണ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്നത്. ഈ പണത്തിന്റെ സ്പര്‍ശമില്ലാത്ത
ഒരു വീടോ, ഒരു വ്യാപാരമോ കേരളത്തില്‍ ഉണ്ടോ എന്നത് സംശയമാണ് ?
നമ്മുടെ രാഷ്ട്രീയം പോലും ഈ പണത്തെ ചുറ്റിപ്പറ്റിയാണ്. പ്രവാസി ക്ഷേമം പറഞ്ഞ് മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളും ഉദ്യോഗസ്ഥരും ഗള്‍ഫ് യാത്രകള്‍ നടത്തുന്നു. പക്ഷേ, അവരുടെ യാത്രകളില്‍ ”നീ മലയാളിയാണോ?” എന്ന് ചോദിച്ച് മര്‍ദനമേറ്റ ഒരു പ്രവാസിയെ നാം എവിടെയെങ്കിലും കണ്ടിട്ടുണ്ടാവില്ല ?
ഇനി മറുവശത്തേക്ക് നോക്കിയാല്‍. മുപ്പത്തിയഞ്ച് ലക്ഷത്തോളം അഥിതി തൊഴിലാളികള്‍ ഇന്ന് കേരളത്തില്‍ ജോലി ചെയ്യുന്നു.
നിര്‍മാണം, കൃഷി, മത്സ്യബന്ധനം – നമ്മുടെ വീടുകളും റോഡുകളും പാലങ്ങളും അവരുടെ വിയര്‍പ്പിലാണ് പണിതുയര്‍ത്തപ്പെട്ടത്.
അവര്‍ കേരളത്തില്‍ ചെലവഴിക്കുന്നതും സ്വന്തം നാട്ടിലേക്ക് അയയ്ക്കുന്നതും ഏകദേശം പതിനേഴായിരത്തി അഞ്ഞൂറ് കോടി രൂപയാണ്.
ഇരുദിശയിലേക്കും തൊഴിലാളി കുടിയേറ്റമുള്ള ഒരു സംസ്ഥാനമാണ് കേരളം. തൊണ്ണൂറ്റി ആറു ശതമാനം സാക്ഷരതയുള്ള നാട്.
പക്ഷേ, സഹോദരങ്ങളേ – നമുക്ക് സാക്ഷരത മാത്രം മതിയോ? അതോ ഹൃദയത്തില്‍ സഹിഷ്ണുതയും മനുഷ്യത്വവും അല്ലേ വേണ്ടത് ?
ഒരു കാലത്ത് ”മണ്ണിന്റെ മക്കള്‍” എന്ന മുദ്രാവാക്യം ഉയര്‍ത്തി കലാപം നടത്തിയവരുടെ പിന്‍മുറക്കാര്‍ പോലും ഇന്ന് തെറ്റു തിരുത്തുമ്പോള്‍, കേരളത്തെ വെറുപ്പിന്റെ ആസ്ഥാനമാക്കി മാറ്റാന്‍ ചില കൂട്ടങ്ങള്‍ ശ്രമിക്കുകയാണ്. പ്രളയത്തിനും കൊറോണയ്ക്കും ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയും ആരോഗ്യ പ്രശ്‌നങ്ങളും മൂലം നട്ടം തിരിഞ്ഞ മലയാളികള്‍ സാധാരണ ജീവിതത്തിലേക്ക് എത്തി തുടങ്ങുന്നതേ ഉള്ളൂ. ഇതിനിടെയിലാണ് മനുഷ്യത്വം തൊട്ടു തീണ്ടാത്ത തരത്തിലുള്ള നീച പ്രവര്‍ത്തികള്‍ നടക്കുന്നത്.
വിശപ്പു മാറ്റാന്‍ മദ്രാസും മുംബൈയും കൊളംബോയും റങ്കൂണും കടന്ന് പേര്‍ഷ്യയിലേക്കും അറബ് നാടുകളിലേക്കും
യൂറോപ്പിലേക്കും കുടിയേറിയവരാണ് മലയാളികള്‍. ജാതിയോ മതമോ ഭാഷയോ നോക്കിയല്ല നമ്മുടെ കുടിയേറ്റം. പ്രവാസികളുടെ പണത്താല്‍ തടിച്ചു കൊഴുത്ത ഒരു സംസ്ഥാനത്ത്, തൊഴില്‍ തേടി വന്ന ഒരാളെ അപരവൈരത്തിന്റെ പേരില്‍ എണ്‍പതിലധികം മുറിവുകള്‍ ഏല്‍പ്പിച്ച് കൊലപ്പെടുത്തിയതിനെ നമ്മള്‍ എങ്ങനെ ന്യായീകരിക്കും? വാളയാറില്‍ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ ഛത്തീസ്ഗഢ് സ്വദേശി രാംനാരായണന്റെ രക്തം ഓരോ മലയാളിയുടെയും മുഖത്തേക്കാണ് തിളച്ചു വീണിരിക്കുന്നത്.
”തും ബംഗ്ലാദേശി?” എന്ന ചോദ്യം ഒരാളെ കൊല്ലാനുള്ള അവകാശപത്രമാകുമ്പോള്‍, അത് ഒരു വ്യക്തിയെക്കാള്‍ കൂടുതല്‍
ഒരു സമൂഹത്തെ കുറ്റക്കാരനാക്കുന്നു. സഹോദരങ്ങളേ, ഇത് ഒരു മനുഷ്യന്റെ മരണമല്ല. ഇത് നമ്മുടെ മനസ്സാക്ഷിയുടെ മരണമാണ്.
ഐക്യ കേരളത്തിനും ഐശ്വര്യ കേരളത്തിനുമായി പ്രവര്‍ത്തിക്കുന്ന നാം ഓരോരുത്തരും ഏത് കേരളത്തേയാണ് ലോകത്തിന് മുന്നില്‍ കാണിക്കേണ്ടത് എന്ന് ഇന്നു തന്നെ തീരുമാനിക്കണം. വെറുപ്പിന്റെ കേരളമോ, അതോ മനുഷ്യത്ത്വത്തിന്റെ കേരളമോ?

Indiavision News was founded with a clear mission: to uncover truths that those in power often try to hide and to serve the public’s right to know. In an era of misinformation and sensationalism, we aim to uphold the core values of journalism — accuracy, transparency, accountability, and public interest.





