മൂന്നാറിൽ കടുത്ത തണുപ്പ്; തേയില കൃഷിക്ക് വലിയ നാശം, ലോക്ക്ഹാർട്ടിൽ 30 ഏക്കറിലധികം തോട്ടങ്ങൾ തകർന്നു
Munnar extreme cold tea plantation damage
Munnar extreme cold tea plantation damage
മൂന്നാർ മേഖലയിൽ അനുഭവപ്പെടുന്ന അതിശൈത്യം തേയില വ്യവസായത്തിന് ഗുരുതരമായ തിരിച്ചടിയായി മാറുന്നു. തണുപ്പ് ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്ക് വർധിക്കുന്നത് ടൂറിസം മേഖലയ്ക്ക് ഗുണകരമായെങ്കിലും, തേയില കൃഷിക്ക് ഇത് വലിയ നഷ്ടമാണ് വരുത്തിവെക്കുന്നത്.
അതിരാവിലെ തേയില ചെടികളിൽ രൂപപ്പെടുന്ന മഞ്ഞുപാളികൾ പിന്നീട് സൂര്യപ്രകാശം ലഭിക്കുമ്പോൾ ഉരുകി ചെടികൾ ഉണങ്ങി നശിക്കുന്ന സാഹചര്യം ഉണ്ടാകുന്നു. ഇതാണ് വ്യാപകമായ കൃഷിനാശത്തിന് പ്രധാന കാരണം. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന അതിശൈത്യം പല തോട്ടങ്ങളിലും ഉൽപാദനം ഗണ്യമായി കുറയാൻ ഇടയാക്കി.
കണ്ണൻ ദേവൻ, ടാറ്റ, എച്ച്എംഎൽ, തലയാർ തുടങ്ങിയ പ്രമുഖ കമ്പനികളാണ് മൂന്നാർ മേഖലയിലെ പ്രധാന തേയില ഉൽപാദകർ. എച്ച്എംഎൽ കമ്പനിയുടെ മാത്രം 131 ഹെക്ടർ തേയില കൃഷി പൂർണ്ണമായും നശിച്ചതായി അധികൃതർ അറിയിച്ചു. ലോക്ക്ഹാർട്ട് എസ്റ്റേറ്റിൽ 30 ഏക്കറിലധികം തേയിലത്തോട്ടങ്ങൾ തണുപ്പിന്റെ പിടിയിൽ പെട്ട് നശിച്ചു.
മുൻവർഷങ്ങളിലും ഇത്തരം കാലാവസ്ഥ വ്യതിയാനങ്ങൾ തേയില ഉൽപാദനം കുറയാനും, വിപണിയിൽ വില വർധിക്കാനും കാരണമായിരുന്നു. ഇത്തവണയും സമാന സാഹചര്യം ഉണ്ടാകാനുള്ള സാധ്യതകൾ നിലനിൽക്കുന്നു.
അതേസമയം, കനത്ത തണുപ്പ് തുടരുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്ക് അതിരാവിലെ ജോലിക്കെത്താൻ കഴിയാത്തത് അവരുടെ ദിവസവരുമാനത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. കൃഷിനാശത്തിനൊപ്പം തൊഴിലാളി ജീവിതത്തെയും ബാധിക്കുന്ന ഈ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര ഇടപെടൽ ആവശ്യമാണ്.

Indiavision News was founded with a clear mission: to uncover truths that those in power often try to hide and to serve the public’s right to know. In an era of misinformation and sensationalism, we aim to uphold the core values of journalism — accuracy, transparency, accountability, and public interest.





