ചോദ്യപേപ്പറില്‍ ‘Muslim Minority Violence’ പരാമര്‍ശം; ജാമിയ മിലിയ പ്രഫസര്‍ക്ക് സസ്പെന്ഷന്
Muslim Minority Violence Question Paper Controversy: Jamia Millia Professor Suspended
Muslim Minority Violence Question Paper Controversy
ദില്ലി:
സോഷ്യല്‍ വര്‍ക്ക് ഒന്നാം സെമസ്റ്റര്‍ പരീക്ഷയിലെ ചോദ്യപേപ്പറില്‍ ഇന്ത്യയില്‍ മുസ്ലിം ന്യൂനപക്ഷം നേരിടുന്ന അതിക്രമങ്ങള്‍ എന്ന വിഷയവുമായി ബന്ധപ്പെട്ട ചോദ്യം ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ ഒരു പ്രഫസറെ സസ്പെന്‍ഡ് ചെയ്തു.
സംഭവത്തില്‍ ഉള്‍പ്പെട്ടത് സോഷ്യല്‍ വര്‍ക്ക് വിഭാഗം അധ്യാപകനായ പ്രൊഫസര്‍ വിരേന്ദ്ര ബാലാജി ഷഹരെയായണ് ആണെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ പ്രഫസര്‍ സസ്പെന്‍ഷനില്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
15 മാര്‍ക്കിന് തയ്യാറാക്കിയ ചോദ്യത്തില്‍ രാജ്യത്ത് മുസ്ലിം ന്യൂനപക്ഷം നേരിടുന്ന അതിക്രമങ്ങള്‍ ഉദാഹരണങ്ങളോടെ വിശദീകരിക്കുക എന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപകമായ പ്രതിഷേധങ്ങളും രാഷ്ട്രീയ പ്രതികരണങ്ങളും ഉയര്‍ന്നു.
വിവാദം ശക്തമായതിനെ തുടര്‍ന്ന് രജിസ്ട്രാര്‍ സി.എ. ഷെയ്ഖ് സെയ്ഫുള്ള ആണ് സസ്പെന്ഷന് ഉത്തരവില്‍ ഒപ്പുവെച്ചത്. അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ പ്രഫസര്‍ ദില്ലി വിട്ടുപോകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ അധ്യാപകനെതിരെ പൊലിസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യില്ലെന്ന് സര്‍വകലാശാല വൃത്തങ്ങള്‍ അറിയിച്ചു.
ചോദ്യത്തിന്റെ അക്കാദമിക് യോഗ്യത, പരീക്ഷാ മാനദണ്ഡങ്ങള്‍, അംഗീകാര നടപടികള്‍ എന്നിവ ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ സമിതിയെ സര്‍വകലാശാല നിയോഗിച്ചിട്ടുണ്ട്.
ഇതുവരെ സംഭവത്തെക്കുറിച്ച് ജാമിയ മിലിയ ഇസ്ലാമിയ ഔദ്യോഗിക വിശദീകരണം പുറത്തിറക്കിയിട്ടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക് ഉത്തരവാദിത്തവും സ്ഥാപന അച്ചടക്കവും ഉറപ്പാക്കുന്നതിനായാണ് നടപടി സ്വീകരിച്ചതെന്ന് സര്‍വകലാശാലാ വൃത്തങ്ങള്‍ അറിയിച്ചു.





