മെസ്സിയുടെ സഹോദരിക്ക് മയാമിയില്‍ വാഹനാപകടം; ഗുരുതര പരിക്ക്, വിവാഹം മാറ്റിവെച്ചു
Messi Sister Accident: Lionel Messi’s Sister Seriously Injured in Miami Car Crash, Wedding Postponed
Messi sister accident
മയാമി: ലോകഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ സഹോദരി മരിയ സോള്‍ മെസ്സി മയാമിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് ജനുവരി ആദ്യവാരം നിശ്ചയിച്ചിരുന്ന മരിയയുടെ വിവാഹച്ചടങ്ങ് മാറ്റിവെച്ചതായി അര്‍ജന്റീനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മരിയ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായത്. 32 വയസുകാരിയായ മരിയയ്ക്ക് നട്ടെല്ലിന് പൊട്ടല്‍, കൈത്തണ്ടയിലും കാല്‍മുട്ടിലും ഒടിവുകള്‍, ശരീരത്തില്‍ പൊള്ളലുകള്‍ എന്നിവ ഉണ്ടായതായാണ് പുറത്തുവരുന്ന വിവരം.
ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ചികിത്സയില്‍ തുടരുന്ന മരിയ ഇപ്പോള്‍ അപകടനില തരണം ചെയ്തിട്ടുണ്ടെങ്കിലും, പൂര്‍ണമായി സുഖം പ്രാപിക്കാന്‍ ദീര്‍ഘകാല ചികിത്സയും വിശ്രമവും ആവശ്യമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഇന്റര്‍ മയാമിയുടെ അണ്ടര്‍-19 ടീമിലെ കോച്ചിംഗ് സ്റ്റാഫ് അംഗമായ ജൂലിന്‍ തുലിയുമായുള്ള മരിയയുടെ വിവാഹം ജനുവരി മൂന്നിന് അര്‍ജന്റീനയിലെ റൊസാരിയോയില്‍ നടത്താനായിരുന്നു തീരുമാനം. ലയണല്‍ മെസ്സിയുടെയും ഭാര്യ അന്റോണെല്ലയുടെയും വിവാഹം നടന്ന അതേ വേദിയിലാണ് ചടങ്ങുകള്‍ പ്ലാന്‍ ചെയ്തിരുന്നത്.
സഹോദരിയുടെ ചികിത്സയ്ക്കായി ലയണല്‍ മെസ്സിയും കുടുംബാംഗങ്ങളും നിലവില്‍ മയാമിയിലാണുള്ളത്. മരിയയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടാകുന്നുവെന്നാണ് അടുത്തവൃത്തങ്ങള്‍ അറിയിക്കുന്നത്.

Indiavision News was founded with a clear mission: to uncover truths that those in power often try to hide and to serve the public’s right to know. In an era of misinformation and sensationalism, we aim to uphold the core values of journalism — accuracy, transparency, accountability, and public interest.





