× Indiavision News

News updates ലഭിക്കാൻ Sign up ചെയ്യൂ

മാധ്യമങ്ങളെ കടന്നാക്രമിച്ച് ആര്‍ ശ്രീലേഖ

R Sreelakha Mayor Controversy

R Sreelakha Mayor Controversy

R Sreelakha Mayor Controversy

തിരുവനന്തപുരം:

മേയര്‍ സ്ഥാനവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനകളില്‍ മാധ്യമങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ബിജെപിയുടെ ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ. തനിക്ക് മേയര്‍ ആകാതിരുന്നതില്‍ യാതൊരു അതൃപ്തിയുമില്ലെന്നും, താന്‍ പറഞ്ഞ വാക്കുകള്‍ ചില മാധ്യമങ്ങള്‍ ഉദ്ദേശപൂര്‍വ്വം വളച്ചൊടിച്ചുവെന്നുമാണ് ശ്രീലേഖയുടെ ആരോപണം. കേരളത്തില്‍ നടക്കുന്ന മാധ്യമപ്രവര്‍ത്തനം വൃത്തികെട്ട രീതിയിലേക്കാണ് പോകുന്നതെന്നും അവര്‍ സാമൂഹിക മാധ്യമത്തിലെ കുറിപ്പില്‍ വ്യക്തമാക്കി.

ഓഫീസില്‍ പ്രവേശിക്കാനിടയാക്കാതെ പിന്തുടര്‍ന്ന് ചോദ്യങ്ങള്‍ ചോദിച്ച് ശല്യം ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ പിന്നീട് എഡിറ്റ് ചെയ്ത ഭാഗങ്ങള്‍ മാത്രം പ്രചരിപ്പിച്ച് കള്ളക്കഥകള്‍ സൃഷ്ടിക്കുകയാണെന്ന് ശ്രീലേഖ കുറ്റപ്പെടുത്തി. “മാധ്യമങ്ങള്‍ എന്ത് കള്ളം പറഞ്ഞാലും എനിക്ക് ഒരിക്കലും അതൃപ്തിയുണ്ടായിരുന്നില്ല, ഇപ്പോഴും ഇല്ല. ഭാരതീയ ജനതാ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ എനിക്ക് അഭിമാനം മാത്രമാണ്,” എന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അവര്‍ കുറിച്ചത്.

അതേസമയം, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്‍പ് മാധ്യമങ്ങളോട് നടത്തിയ പ്രതികരണങ്ങളാണ് ഇപ്പോള്‍ വിവാദത്തിന് വഴിവച്ചത്. മേയര്‍ സ്ഥാനാര്‍ഥിയാകുമെന്ന ഉറപ്പിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും, അവസാന ഘട്ടത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലാണ് വി.വി. രാജേഷ് മേയറായതെന്നും ശ്രീലേഖ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

“എന്നെ തെരഞ്ഞെടുപ്പിലേക്ക് കൊണ്ടുവന്നത് കൗണ്‍സിലര്‍ സ്ഥാനത്തിനായി മാത്രമല്ല. മേയറാകുമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. മത്സരിക്കാന്‍ ആദ്യം ഞാന്‍ വിസമ്മതിച്ചിരുന്നു. തെരഞ്ഞെടുപ്പിന്റെ മുഖമായി പ്രവര്‍ത്തിക്കേണ്ടയാളായിരിക്കും ഞാനെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പാര്‍ട്ടിയുടെ ആവശ്യപ്രകാരം കൗണ്‍സിലറായി മത്സരിക്കാന്‍ സമ്മതിക്കുകയായിരുന്നു,” എന്നായിരുന്നു ശ്രീലേഖയുടെ മുന്‍പത്തെ വിശദീകരണം.

തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമ ചര്‍ച്ചകളിലും പൊതുപ്രചാരണങ്ങളിലും മുന്നില്‍ നിന്നത് താനായിരുന്നുവെന്നും, അവസാന നിമിഷം വരെ അത്തരമൊരു ചിത്രം തന്നെയാണ് നിലനിന്നതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ചില കാരണങ്ങളാല്‍ അവസാന ഘട്ടത്തില്‍ തീരുമാനം മാറിയെന്നും, രാജേഷിന് മേയറായും ആശയ്ക്ക് ഡെപ്യൂട്ടി മേയറായും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലാണ് തീരുമാനത്തിന് പിന്നിലെന്നും ശ്രീലേഖ വ്യക്തമാക്കിയിരുന്നു.

കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ നിലകൊള്ളാന്‍ കഴിയില്ലെന്നും, തന്നെ വിജയിപ്പിച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തം മൂലമാണ് അഞ്ചു വര്‍ഷത്തേക്ക് കൗണ്‍സിലറായി തുടരാന്‍ തീരുമാനിച്ചതെന്നും ശ്രീലേഖ മുന്‍പ് പറഞ്ഞിരുന്നു. ചിലപ്പോള്‍ അത് നല്ലതിനായിരിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു.

ഈ പ്രസ്താവനകളാണ് രാഷ്ട്രീയ തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടയിലാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുമായി ശ്രീലേഖ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

Facebook Comments Box
Share and Like Now

Latest Updates

Subscribe To Our Newsletter

[mc4wp_form id="206"]